മുംബൈ: മഹാരാഷ്ട്രയിൽ വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ അറസറ്റിൽ. സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെ ആണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയും സോഫ്റ്റ്വയർ എഞ്ചിനിയറുമായ പ്രശാന്ത് ബങ്കർ എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും പേരുകളാണ് ഡോക്ടറുടെ കൈയിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
ഗോപാൽ ബദാനെ ഫാൽട്ടാൻ റൂറൽ പോലീസ് സ്റ്റേഷനിൽ എത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് സതാര എസ്പി തുഷാർ ദോഷി പറഞ്ഞു. പ്രശാന്ത് ബങ്കറിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസമാണ് ബീഡ് ജില്ലക്കാരിയായ വനിതാ ഡോക്ടറെ ഹോട്ടൽമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതാര ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു ഇവർ.
പോലീസ് സബ് ഇൻസ്പെക്ടർ ബദാനി തന്നെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും സോഫ്റ്റ്വയർ എഞ്ചിനീയറായ ബങ്കർ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കൈയിലെഴുതിയ ആത്മഹത്യാക്കുറിപ്പിൽ യുവതി ആരോപിക്കുന്നു. സത്താറ ജില്ലയിലെ ഫാൽട്ടാനിലാണ് ഇരുവർക്കുമെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്.
ഡോക്ടർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ മകനാണ് പ്രശാന്ത് ബങ്കർ. മരിക്കുന്നതിന് മുമ്പ് ഇവർ ബങ്കറിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. വനിതാ ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.